ശ്രീ ടി എസ് ജയ്രാജ് കൊല്ലം ജില്ലയിലെ പുനലൂരിൽ 1976 ൽ ജനിച്ചു. അച്ഛൻ സംഗീതജ്ഞനായ ശ്രീ പുനലൂർ എസ് ആർ ത്യാഗരാജൻ, അമ്മ സംഗീതജ്ഞയായ ശ്രീമതി ഷൈലജ ത്യാഗരാജൻ. കെ പി എ സി യുടെ ആദ്യകാലഘട്ടങ്ങളിൽ അവിടെ സംഗീതസംവിധായകനായി പ്രവർത്തിച്ചിരുന്ന ശ്രീ ആറ്റിങ്ങൽ രാമസ്വാമിയുടെയും, ശ്രീമതി ലക്ഷ്മിക്കുട്ടി ഭാഗവതരുടെയും ചെറുമകനാണു് ജയ്രാജ്. സഹോദരിമാർ ടി എസ് സംഗീത, ടി എസ് ദിവ്യ. സാഹിത്യകാരനായ ശ്രീ കലഞ്ഞൂർ രാമകൃഷ്ണപിള്ളയും, വയലിനിസ്റ്റായ ആർ എസ് വിജയകുമാറും ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളാണു്. പാരമ്പര്യമായി സംഗീതശ്രേഷ്ഠത നിറഞ്ഞ ഈ സംഗീതകുടുംബത്തിൽ ജനിച്ച ജയ്രാജ് വളരെ ചെറിയ പ്രായം മുതൽക്കേ സംഗീതത്തിൽ വാസന പ്രകടിപ്പിച്ചിരുന്നു. ഏഴുവയസ്സുമുതൽ സംഗീതക്കച്ചേരികൾ നടത്തുന്നു. പുനലൂരിലുള്ള ചെമ്മന്തൂർ ഹൈസ്ക്കൂളിൽ സ്കൂൾ വിദ്യാഭ്യാസം. 1994 ൽ ശ്രീ സ്വാതിതിരുനാൾ മ്യൂസിക് കോളേജിൽനിന്നു് ഗാനഭൂഷണം ബിരുദമെടുത്തു.1998 ൽ ചെന്നൈയിലെ Indian technical examination for music ൽ നിന്നും ഭാരതീയ സംഗീതത്തിൽ ലോവർ, ഹയർ ഗ്രേഡുകൾ നേടി. ക്ലാസ്സിക്കൽ മ്യൂസിക്കിനോടൊപ്പം വീണ, തബല, മൃദംഗം,ഗിറ്റാർ, കീബോർഡ്, ഹാർമ്മോണിയം എന്നിവയിലും ജയ്രാജ് പ്രാവീണ്യം നേടിയിട്ടുണ്ടു്.ഗാനമേള, വൃന്ദവാദ്യം, വീണ, കഥാപ്രസംഗം, ശാസ്ത്രീയസംഗീതം, ഓട്ടൻതുള്ളൽ എന്നിവയ്ക്കു് സംസ്ഥാനതലത്തിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടു്.
ശാസ്ത്രീയസംഗീതത്തിൽ ഇദ്ദേഹത്തിന്റെ ഗുരുക്കന്മാർ ശ്രീ വെട്ടിക്കവല കെ എൻ ശശികുമാർ, ചേർത്തല ഗോപാലൻ നായർ, വയ്യങ്കര മധുസൂദനൻ, മാവേലിക്കര പ്രഭാകര വർമ്മ തുടങ്ങിയവരാണു്. മറ്റു ഗുരുക്കന്മാർ ഇവരൊക്കയാണു്. വീണ- രമാദേവി,മായാവർമ്മ - മൃദംഗം,തബല - പുനലൂർ ജെ സാബു, കീബോർഡ് - നന്ദകുമാർ, ഗിറ്റാർ - ജോസഫ് ഫെർണാണ്ടസ്, കഥാപ്രസംഗം - തലവടി രാമചന്ദ്രൻ,ഓട്ടൻ തുള്ളൽ - ഗോപാലൻ നായർ, ദേവകി അമ്മ.
കർണ്ണാടക സംഗീതത്തിനു് ‘സംഗീതശ്രീ’ അവാർഡ്, സംഗീതസംവിധാനത്തിനു് ‘സംഗീത രത്ന’ അവാർഡ്,‘സ്വാതി അവാർഡ് ’ എന്നിവ ലഭിച്ചിട്ടുണ്ടു്.
ഒരു പ്രൊഫഷണൽ സംഗീതസംവിധായകനാകാൻ ഏറെ താല്പര്യവും അഭിരുചിയുമുള്ള ജയ്രാജ് ഇതിനോടകം ഡിവോഷണൽ സംഘഗാനങ്ങൾ, ലളിതഗാനങ്ങൾ, ആൽബം സോങ്ങ്സ് എന്നിവ ഉൾപ്പെട്ട മുന്നൂറിൽപ്പരം ഗാനങ്ങൾക്കു് സ്വതന്ത്രമായി സംഗീതസംവിധാനം നിർവ്വഹിച്ചുകഴിഞ്ഞു. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ, പരേതനായ ശ്രീ ആറ്റിങ്ങൽ രാമസ്വാമി ഭാഗവതർ പുനലൂരിൽ 1928 ൽ സ്ഥാപിച്ച ശ്രീ ത്യാഗരാജ സ്ക്കൂൾ ഓഫ് മ്യൂസിക്കിന്റെ മാനേജിങ് ഡയറക്ടറായി കഴിഞ്ഞ പതിമൂന്നുവർഷമായി പ്രവർത്തിച്ചു പോരുന്നു. പുനലൂരിൽ കുടുംബസമേതം താമസിച്ചുവരുന്ന ടി എസ് ജയ്രാജിന്റെ ഭാര്യ വൈക്കം ശ്രീലക്ഷ്മി. മക്കൾ - അവന്തിക ജയ്രാജ്, ശ്രാവൺ റാം.
പ്രഗൽഭമതിയായ ഈ കലാകാരനു് സംഗീതസംവിധാനരംഗത്തു് ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ, ധാരാളം നല്ല ഗാനങ്ങൾക്കു് ജന്മം നൽകുവാൻ ഇദ്ദേഹത്തിനു് കഴിയട്ടെ എന്നാശംസിക്കുന്നു.
തയ്യാറാക്കിയതു് - കല്യാണി
References :
ടി എസ് ജയ്രാജ് നൽകിയ വിവരങ്ങൾ